ആര്‍ക്കാണ് എന്നെ ആവശ്യമുള്ളത്?
വാഷിംഗ്ടണ്‍ ഡിസിയിലേക്ക് ഒരു രാത്രി വിമാന യാത്രയ്ക്കിടെ, അഭിപ്രായ എഴുത്തുകാരന്‍ ആര്‍തര്‍ ബ്രൂക്‌സ് ഒരു വൃദ്ധയായ സ്ത്രീ തന്റെ ഭര്‍ത്താവിനോട് ഇപ്രകാരം മന്ത്രിക്കുന്നത് കേട്ടു, ''ഇനി ആര്‍ക്കും നിങ്ങളെ ആവശ്യമില്ലെന്നത് ശരിയല്ല.'' താന്‍ മരിച്ചാല്‍ മതിയായിരുന്നു എന്നോ മറ്റോ ആ മനുഷ്യന്‍ പിറുപിറുത്തപ്പോള്‍ ഭാര്യ പറഞ്ഞു, ''ഓ, ആ സംസാരം നിര്‍ത്തുക.'' യാത്ര അവസാനിച്ചപ്പോള്‍ ബ്രൂക്ക്‌സ് തിരിഞ്ഞുനോക്കി ആ മനുഷ്യനെ തിരിച്ചറിഞ്ഞു. ലോകപ്രശസ്തനായ ഒരു വീരപുരുഷനായിരുന്നു അത്. മറ്റ് യാത്രക്കാര്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചു കുലുക്കി, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം പ്രകടിപ്പിച്ച ധൈര്യത്തിന് പൈലറ്റ് നന്ദി പറഞ്ഞു. ഈ ഭീമന്‍ എങ്ങനെയാണ് നിരാശയില്‍ മുങ്ങിയത്?
ഏലീയാ പ്രവാചകന്‍ ബാലിന്റെ 450 പ്രവാചകന്മാരെ ധൈര്യത്തോടെ ഒറ്റയ്ക്ക് നേരിട്ടു പരാജയപ്പെടുത്തി - അല്ലെങ്കില്‍ അവന്‍ അങ്ങനെ വിചാരിച്ചു (1 രാജാക്കന്മാര്‍ 18). എങ്കിലും അവന്‍ അത് ഒറ്റയ്ക്കല്ല ചെയ്തത്; ദൈവം അവന്റെ കൂടെ ഉണ്ടായിരുന്നു! എന്നാല്‍ പിന്നീട്, താന്‍ തനിച്ചായി എന്നു തോന്നിയ അവന്‍ തന്റെ ജീവനെടുക്കാന്‍ ദൈവത്തോട് ആവശ്യപ്പെട്ടു.
ദൈവം ഏലീയാവിനെ തന്റെ സന്നിധിയിലേക്കു കൊണ്ടുവരികയും അവനു സേവിക്കാനായി പുതിയ ആളുകളെ നല്‍കുകയും ചെയ്തുകൊണ്ട് അവന്റെ ഹൃദയത്തെ ധൈര്യപ്പെടുത്തി. അവന്‍ ചെന്ന് 'ഹസായേലിനെ അരാമിനു രാജാവായി അഭിഷേകം' ചെയ്യണം. 'യേഹൂവിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യണം,' എലീശായെ അവനു 'പകരം പ്രവാചകനായി അഭിഷേകം' ചെയ്യണം (19:15-16). പുതുക്കിയ ഉദ്ദേശ്യത്തോടെ പ്രചോദിതനായ ഏലീയാവ് തന്റെ പിന്‍ഗാമിയെ കണ്ടെത്തി പരിശീലിപ്പിച്ചു.
നിങ്ങളുടെ മികച്ച വിജയങ്ങള്‍ റിയര്‍വ്യു മിററില്‍ ഉണ്ടായിരിക്കാം. നിങ്ങളുടെ ജീവിതം അതിന്റെ ഉച്ചകോടിയില്‍ എത്തിയതായി നിങ്ങള്‍ക്ക് തോന്നാം, അല്ലെങ്കില്‍ അതൊരിക്കലും സംഭവിച്ചിട്ടില്ലായിരിക്കാം. സാരമില്ല. ചുറ്റും നോക്കുക. പോരാട്ടങ്ങള്‍ ചെറുതാണെന്ന് തോന്നിയേക്കാം, ഓഹരികള്‍ ഉറപ്പില്ലാത്തതാകാം, പക്ഷേ നിങ്ങളെ ആവശ്യമുള്ള മറ്റു ചിലരുണ്ട്. യേശുവിനുവേണ്ടി അവരെ നന്നായി സേവിക്കുക, അത് കണക്കാക്കപ്പെടും. അവയാണ് നിങ്ങളുടെ ഉദ്ദേശ്യം - കാരണം നിങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്.
നിങ്ങള്‍ ആരെയാണ് ധരിച്ചിരിക്കുന്നത്?
അര്‍ജന്റീനയുടെ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീം തെറ്റായ യൂണിഫോം ധരിച്ച് ടൂര്‍ണമെന്റ് ഗെയിമിന് എത്തി. അവരുടെ നേവി ബ്ലൂ ജേഴ്‌സി കൊളംബിയയുടെ ഇരുണ്ട നീല ജേഴ്‌സികളുമായി വളരെ സാമ്യമുള്ളതായിരുന്നു, സന്ദര്‍ശക ടീം എന്ന നിലയില്‍ അവര്‍ വെള്ള യൂണിഫോം ധരിക്കേണ്ടതായിരുന്നു. മാറ്റി ധരിക്കാനുള്ള യൂണിഫോമുകള്‍ കണ്ടെത്താനും മാറ്റാനും സമയമില്ലാത്തതിനാല്‍ അവര്‍ക്ക് കളി ഉപേക്ഷിക്കേണ്ടിവന്നു. ഭാവിയില്‍, അര്‍ജന്റീന തീര്‍ച്ചയായും അവര്‍ എന്താണ് ധരിക്കാന്‍ പോകുന്നതെന്ന് രണ്ടുതവണ പരിശോധിക്കും.
സെഖര്യാ പ്രവാചകന്റെ കാലത്ത്, മഹാപുരോഹിതനായ യോശുവ മുഷിഞ്ഞതും ദുര്‍ഗ്ഗന്ധം വമിക്കുന്നതുമായ വസ്ത്രം ധരിച്ച് ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഒരു ദര്‍ശനം ദൈവം അവനു കാണിച്ചുകൊടുത്തു. സാത്താന്‍ പരിഹസിക്കുകയും വിരല്‍ ചൂണ്ടുകയും ചെയ്തു. അവന്‍ അയോഗ്യനാണ്! കളി തീര്‍ന്നു! എന്നാല്‍ മാറ്റാന്‍ സമയമുണ്ടായിരുന്നു. ദൈവം സാത്താനെ ശാസിക്കുകയും യോശുവയുടെ വസ്ത്രങ്ങള്‍ നീക്കംചെയ്യാന്‍ തന്റെ ദൂതനോട് കല്പിക്കുകയും ചെയ്തു. അവന്‍ യോശുവയുടെ നേരെ തിരിഞ്ഞു, ''ഞാന്‍ നിന്റെ അകൃത്യം നിന്നില്‍നിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും'' (സെഖര്യാവ് 3:4).
ആദാമിന്റെ പാപത്തിന്റെ ദുര്‍ഗന്ധം ധരിച്ചാണ് നാം ഈ ലോകത്തിലേക്ക് കടന്നുവന്നത്, അതിന്റെമേല്‍ നമ്മുടെ സ്വന്തം പാപത്തിന്റെ പാളി കൂടെ ചേര്‍ത്തു. നമ്മുടെ വൃത്തികെട്ട വസ്ത്രങ്ങളില്‍ നാം തുടരുകയാണെങ്കില്‍, നമുക്ക് ജീവിത ഗെയിം നഷ്ടപ്പെടും. നമ്മുടെ പാപത്തോടു നമുക്കു വെറുപ്പ് തോന്നുകയും യേശുവിലേക്ക് തിരിയുകയും ചെയ്താല്‍, അവന്‍ നമ്മുടെമേല്‍ തല മുതല്‍ പാദം വരെ തന്നെയും തന്റെ നീതിയും ധരിപ്പിക്കും. നാം സ്വയം പരിശോധിക്കാനുള്ള സമയമായി, നാം ആരെയാണ് ധരിച്ചിരിക്കുന്നത്?
''ദി സോളിഡ് റോക്ക്'' എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ അവസാന സ്റ്റാന്‍സ, നമുക്ക് എങ്ങനെ വിജയിക്കാമെന്ന് വിശദീകരിക്കുന്നു. ''അവന്‍ കാഹളനാദത്തോടെ വരുമ്പോള്‍ / ഓ, ഞാന്‍ എന്നെ അവനില്‍ കണ്ടെത്തട്ടെ; / അവന്റെ നീതിയാല്‍ മാത്രം ധരിപ്പിക്കപ്പെട്ട്, / സിംഹാസനത്തിന്‍ മുമ്പില്‍ കളങ്കമെന്യേ നില്‍ക്കട്ടെ!
ഉദ്ദേശ്യത്തോടെ വിശ്രമിക്കുക
യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ രമേശിന് ഇഷ്ടമാണ്. സഹപ്രവര്‍ത്തകരോട് അദ്ദേഹം ധൈര്യത്തോടെ സംസാരിക്കുകയും ഓരോ മാസത്തിലും ഒരു വാരാന്ത്യം വീടുതോറും സുവിശേഷം പറയുന്നതിനായി തന്റെ ഗ്രാമത്തിലേക്ക് മടങ്ങിവരികയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഉത്സാഹം പകരുന്നതായിരുന്നു- പ്രത്യേകിച്ചും വിശ്രമിക്കാനും സ്വസ്ഥമാകാനും സമയമെടുക്കേണ്ടതിന്റെ മൂല്യം അദ്ദേഹം മനസ്സിലാക്കിയതുമുതല്‍.
രമേശ് എല്ലാ വാരാന്ത്യങ്ങളും മിക്ക സായാഹ്നങ്ങളും സുവിശേഷം പ്രസംഗിക്കാനാണ് ചെലവഴിച്ചിരുന്നത്. അദ്ദേഹം പുറത്തുപോകുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും തന്റെ അസാന്നിധ്യം അനുഭവപ്പെട്ടിരുന്നു. അദ്ദേഹം വീട്ടിലുള്ളപ്പോഴാകട്ടെ ക്ഷീണിതനായി കാണപ്പെട്ടു. തന്റെ ഓരോ മിനിറ്റും സംഭാഷണവും പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഗെയിമുകളോ കൊച്ചുകൊച്ചു സംസാരമോ അദ്ദേഹത്തിന് ആസ്വദിക്കാനായില്ല. ശരിക്കും വരിഞ്ഞുമുറുക്കപ്പെട്ട അവസ്ഥയിലായിരുന്നു രമേശ്.
ഭാര്യയുടെ സത്യസന്ധമായ വാക്കുകളും സുഹൃത്തുക്കളുടെ ഉപദേശവും വേദപുസ്തകത്തിലെ അവ്യക്തമെന്നു തോന്നുന്ന ചില ഭാഗങ്ങളും അദ്ദേഹത്തെ തന്റെ അസന്തുലിതാവസ്ഥയെക്കുറിച്ചു ബോധ്യപ്പെടുത്തി. സദൃശവാക്യങ്ങള്‍ 30 ല്‍ ഉറുമ്പ്, കോഴി, വെട്ടുക്കിളി എന്നിവയെ പോലുള്ള നിസ്സാര ജീവികളെക്കുറിച്ച് പരാമര്‍ശിക്കുന്നു. ''പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുന്നു'' (വാ. 28).
ഇത്രയും ലൗകികമായ ഒരു കാര്യം ബൈബിളില്‍ എങ്ങനെയാണ് വന്നതെന്ന് രമേശ് ആശ്ചര്യപ്പെട്ടു. പല്ലികളെ നിരീക്ഷിക്കുന്നതിന് കാര്യമായ സമയം ആവശ്യമാണ്. കൊട്ടാരത്തിന് ചുറ്റും ഒരു പല്ലി സഞ്ചരിക്കുന്നത് ആരോ കണ്ടു, അത് രസകരമാണെന്ന് കരുതി, കുറച്ച് കൂടി കാണാന്‍ താല്‍ക്കാലികമായി ജോലി നിര്‍ത്തി. ജോലിയും വിശ്രമവും സന്തുലിതമാക്കുന്നതിനു നമ്മെ ഓര്‍മ്മിപ്പിക്കുന്നതിനായി ദൈവം ഒരുപക്ഷേ അത് തന്റെ വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കാം. പല്ലികളെക്കുറിച്ച് പകല്‍ സ്വപ്‌നം കാണാനും നമ്മുടെ കുട്ടികളുമായി ഒരെണ്ണത്തിനെ പിടിക്കാനും കുടുംബത്തോടും സുഹൃത്തുക്കളോടും ഒത്തു വിശ്രമിക്കാനും നമുക്ക് മണിക്കൂറുകള്‍ ആവശ്യമാണ്. എപ്പോള്‍ ജോലിചെയ്യണം, ശുശ്രൂഷിക്കണം, വിശ്രമിക്കണം എന്ന് അറിയാന്‍ ദൈവം നമുക്ക് ജ്ഞാനം നല്‍കട്ടെ!
ഇത് ആര്‍ക്കാണ്?
ചിത്രം എന്നെ ഉറക്കെ ചിരിപ്പിച്ചു. തെരുവില്‍ തിങ്ങിനിറഞ്ഞ ജനം പതാകകള്‍ വീശിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കൊണ്ട് അവരുടെ രാഷ്ട്രീയ നേതാവിനെ കാത്തിരുന്നു. ആരവം പൂര്‍ണമായും തനിക്കുവേണ്ടിയാണെന്ന ചിന്തയില്‍ തെരുവിന്റെ നടുവിലൂടെ വഴിതെറ്റിയ ഒരു നായ്ക്കുട്ടി ചുറ്റിനടന്നു. അതെ! ഏതു നായയ്ക്കും അതിന്റെ ഒരു ദിവസം വരും, ഇത് അങ്ങനെയൊന്നായിരിക്കണം.
ഒരു നായ്ക്കുട്ടി ''ഷോ മോഷ്ടിക്കുമ്പോള്‍'' അത് മനോഹരമാണ്, എന്നാല്‍ മറ്റൊരാളുടെ പ്രശംസ തട്ടിയെടുക്കുന്നത് നമ്മെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്്. ദാവീദിന് ഇത് അറിയാമായിരുന്നു. തന്റെ വീരന്മാര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി കൊണ്ടുവന്ന വെള്ളം കുടിക്കാന്‍ അവന്‍ വിസമ്മതിച്ചു. ആരെങ്കിലും ബെത്ലഹേമിലെ കിണറ്റില്‍ നിന്ന് ഒരു പാത്രം വെള്ളം കൊണ്ടുവന്നാല്‍ കൊള്ളാമെന്ന് അവന്‍ ആഗ്രഹത്തോടെ പറഞ്ഞിരുന്നു. അവന്റെ മൂന്ന് സൈനികര്‍ അത് അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചു. അവര്‍ ശത്രു പാളയത്തില്‍ കൂടി കടന്ന് വെള്ളം കോരിക്കൊണ്ടുവന്നു. അവരുടെ യജമാനഭക്തിയില്‍ ദാവീദ് അമ്പരന്നു, അവന് അത് കൈമാറേണ്ടിയിരുന്നു. അവന്‍ വെള്ളം കുടിക്കാന്‍ വിസമ്മതിച്ചു, പക്ഷേ അത് ഒരു പാനീയയാഗമായി 'യഹോവയുടെ സന്നിധിയില്‍ പകര്‍ന്നു' (2 ശമൂവേല്‍ 23:16).
സ്തുതിയോടും ബഹുമാനത്തോടും കൂടെ നാം എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മെക്കുറിച്ച് വളരെക്കാര്യങ്ങള്‍ പറയുന്നു. സ്തുതി മറ്റുള്ളവരുടെ നേരെ വരുമ്പോള്‍ പ്രത്യേകിച്ച് ദൈവത്തിന്റെ നേര്‍ക്ക് വരുമ്പോള്‍ വഴിയില്‍ നിന്ന് മാറിനില്‍ക്കുക. പരേഡ് നമുക്കു വേണ്ടിയല്ല. ബഹുമാനം നമ്മിലേക്കു വരുമ്പോള്‍, ആ വ്യക്തിക്ക് നന്ദി പറയുക, തുടര്‍ന്ന് എല്ലാ മഹത്വവും യേശുവിന് നല്‍കിക്കൊണ്ട് ആ സ്തുതി വര്‍ദ്ധിപ്പിക്കുക. ''വെള്ളം'' നമുക്കുള്ളതല്ല. നന്ദി പറയുക, എന്നിട്ട് അത് ദൈവമുമ്പാകെ പകരുക.
ഒരിക്കലും മതിയാകാത്തത്
ചന്ദ്രനെ ചുറ്റുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യത്തിന് ഫ്രാങ്ക് ബോര്‍മാന്‍ ചുമതല വഹിച്ചു. അദ്ദേഹത്തിന് അതില്‍ മതിപ്പുണ്ടായില്ല. യാത്രയ്ക്ക് അങ്ങോട്ടുമിങ്ങോട്ടുമായി രണ്ട് ദിവസമെടുത്തു. ഫ്രാങ്കിന് ചലന രോഗം പിടിപെടുകയും എടുത്തെറിയപ്പെടുകയും ചെയ്തു. തനിക്ക് ഭാരമില്ലായ്മയും തണുപ്പും അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു — മുപ്പത് സെക്കന്‍ഡ് നേരത്തേക്ക്. തുടര്‍ന്നു അദ്ദേഹം അതുമായി പൊരുത്തപ്പെട്ടു. അടുത്തുചെന്നപ്പോള്‍ ഗര്‍ത്തങ്ങള്‍ നിറഞ്ഞ ചന്ദ്രന്റെ ഉപരിതലം കണ്ടെത്തി. ചാരനിറത്തിലുള്ള തരിശുഭൂമിയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ എടുത്തു, പിന്നീട് അവര്‍ക്കതു വിരസമായി തീര്‍ന്നു.
മുമ്പ് ആരും പോയിട്ടില്ലാത്ത സ്ഥലത്തേക്കാണ് ഫ്രാങ്ക് പോയത്. അത് പര്യാപ്തമായിരുന്നില്ല. ഈ ലോകത്തിന് പുറത്തുള്ള ഒരു അനുഭവത്തെക്കുറിച്ച് അദ്ദേഹം പെട്ടെന്ന് മടുത്തുവെങ്കില്‍, ഒരുപക്ഷേ, ഇതിലെന്താണുള്ളതെന്നതിനെക്കുറിച്ച് നമ്മുടെ പ്രതീക്ഷകള്‍ നമ്മള്‍ കുറയ്‌ക്കേണ്ടിവരും. ഭൗമികമായ ഒരു അനുഭവവും ആത്യന്തിക സന്തോഷം നല്‍കുന്നില്ലെന്ന് സഭാപ്രസംഗി നിരീക്ഷിച്ചു. ''കണ്ടിട്ട് കണ്ണിനു തൃപ്തി വരുന്നില്ല. കേട്ടിട്ട് ചെവി നിറയുന്നതുമില്ല'' (1:8). നമുക്ക് അമിതാഹ്ലാദത്തിന്റെ നിമിഷങ്ങള്‍ അനുഭവപ്പെടാം, പക്ഷേ നമ്മുടെ ആഹ്ലാദം ഉടന്‍ തന്നെ മങ്ങുകയും അടുത്ത സന്തോഷം തേടുകയും ചെയ്യുന്നു.
ചന്ദ്രന്റെ പുറകിലുള്ള ഇരുട്ടില്‍ നിന്ന് ഭൂമി ഉയരുന്നത് കണ്ട ഫ്രാങ്കിന് സന്തോഷകരമായ ഒരു നിമിഷം ഉണ്ടായിരുന്നു. നീലയും വെള്ളയും നിറമുള്ള മാര്‍ബിള്‍ പോലെ, നമ്മുടെ ലോകം സൂര്യപ്രകാശത്തില്‍ തിളങ്ങി. അതുപോലെ, നമ്മുടെ യഥാര്‍ത്ഥ സന്തോഷം നമ്മുടെമേല്‍ പ്രകാശിക്കുന്ന പുത്രനില്‍ നിന്നാണ് വരുന്നത്. യേശു നമ്മുടെ ജീവനും അര്‍ത്ഥത്തിന്റെയും സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഏക ഉറവിടവുമാണ്. നമ്മുടെ ആഴത്തിലുള്ള സംതൃപ്തി ഈ ലോകത്തിന് അപ്പുറത്തു നിന്ന് വരുന്നു. നമ്മുടെ പ്രശ്‌നം? നമുക്ക് ചന്ദ്രനിലേക്ക് പോകാന്‍ കഴിയും, എന്നിട്ടും വേണ്ടത്ര ദൂരത്തേക്കു പോകാനാകുന്നില്ല എന്നതാണ്.
ഞാന്‍ എങ്ങനെ ഇവിടെയെത്തി?
ഒരു എയര്‍ കാനഡ ജെറ്റിന്റെ ഉള്ളിലെ കനത്ത ഇരുട്ടില്‍ താര ഉണര്‍ന്നു. മറ്റ് യാത്രക്കാര്‍ പുറത്തു കടന്നിട്ടും വിമാനം പാര്‍ക്ക് ചെയ്തു കഴിഞ്ഞ ശേഷവും സീറ്റ് ബെല്‍റ്റും ധരിച്ച് അവള്‍ ഉറങ്ങുകയായിരുന്നു. എന്തുകൊണ്ടാണ് ആരും അവളെ ഉണര്‍ത്താഞ്ഞത്? അവള്‍ എങ്ങനെ ഇവിടെയെത്തി? അവള്‍ തലച്ചോറില്‍ നിന്ന് മാറാലകള്‍ തുടച്ചുനീക്കി ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.
നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിങ്ങള്‍ എത്തിപ്പെട്ടിട്ടുണ്ടോ? ഈ രോഗം വരാന്‍ പാടില്ലാത്തവിധം നിങ്ങള്‍ വളരെ ചെറുപ്പമാണ്, അതിനു ചികിത്സയുമില്ല. നിങ്ങളുടെ അവസാന അവലോകനം മികച്ചതായിരുന്നു; എന്തുകൊണ്ടാണ് നിങ്ങളുടെ പദവി നഷ്ടപ്പെട്ടത്? നിങ്ങളുടെ ദാമ്പത്യത്തിന്റെ മികച്ച വര്‍ഷങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഇപ്പോള്‍ വിവാഹമോചിതനായി ഒരു പാര്‍ട്ട് ടൈം ജോലിയുമായി നിങ്ങള്‍ ജീവിതം പുനരാരംഭിക്കുന്നു.
ഞാന്‍ എങ്ങനെ ഇവിടെയെത്തി? ''ചാരത്തില്‍ ഇരുന്നു'' കൊണ്ട് ഇയ്യോബ് ചിന്തിച്ചിരിക്കാം (ഇയ്യോബ് 2:8). അവനു മക്കളെയും തന്റെ ആരോഗ്യവും നഷ്ടപ്പെട്ടു. ക്ഷണനേരംകൊണ്ട് അവന്‍ വീണു. എങ്ങനെയാണ് താന്‍ ഇവിടെയെത്തിയതെന്ന് ഊഹിക്കാന്‍ അവനു കഴിഞ്ഞില്ല; താനത് ഓര്‍ക്കേണ്ടതാണെന്ന് അവനറിയാമായിരുന്നു.
ഇയ്യോബ് തന്റെ സ്രഷ്ടാവിനെയും അവന്‍ എത്ര നല്ലവനായിരുന്നു എന്നും അവന്‍ ഓര്‍ത്തു. ''നാം ദൈവത്തിന്റെ കൈയില്‍നിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ?' (വാക്യം 10) എന്ന് അവന്‍ ഭാര്യയോടു പറഞ്ഞു. ഈ നല്ല ദൈവത്തെ വിശ്വസ്തനായി കണക്കാക്കാമെന്ന് ഇയ്യോബ് ഓര്‍മ്മിച്ചു. അതിനാല്‍ അവന്‍ വിലപിച്ചു. അവന്‍ സ്വര്‍ഗ്ഗത്തേക്കു നോക്കി നിലവിളിച്ചു. ''എന്റെ വീണ്ടെടുപ്പുകാരന്‍ ജീവിക്കുന്നുവെന്നും' 'ഞാന്‍ ദേഹസഹിതനായി ദൈവത്തെ കാണും' (19:25-26) എന്നും അവന്‍ പ്രത്യാശയോടെ വിലപിച്ചു. കഥ എങ്ങനെ ആരംഭിച്ചുവെന്നും അത് എങ്ങനെ അവസാനിക്കുന്നുവെന്നും ഓര്‍മ്മിക്കുമ്പോള്‍ ഇയ്യോബ് പ്രത്യാശയില്‍ മുറുകെപ്പിടിച്ചതായി കാണാം.
ചട്ടക്കൂടിനു പുറത്തെ കൃപ
സുരേഷിന്റെ കമ്പനിയെ ഉപദേശിക്കുന്ന ഒരു നിയമ സ്ഥാപനത്തിലാണ് വിജയ് ജോലി ചെയ്തിരുന്നത്. അവര്‍ സുഹൃത്തുക്കളായിരുന്നു, വിജയ് കമ്പനിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതുവരെ മാത്രമേ ആ സൗഹൃദം നിലനിന്നുള്ളു. വാര്‍ത്ത സുരേഷിനെ വേദനിപ്പിക്കുകയും കോപിപ്പിക്കുകയും ചെയ്തു, എങ്കിലും ക്രിസ്തു വിശ്വാസിയായ തന്റെ ബോസ്സില്‍ നിന്ന് ബുദ്ധിപരമായ ഉപദേശം സുരേഷിനു ലഭിച്ചു. വിജയ് കടുത്ത ലജ്ജയും അനുതാപവും പ്രകടിപ്പിച്ചതായി ബോസ് ശ്രദ്ധിച്ചു. അതിനാല്‍ ആരോപണങ്ങള്‍ ഒഴിവാക്കി വിജയിനെ വീണ്ടും ജോലിയേല്‍പ്പിക്കാന്‍ അദ്ദേഹം സുരേഷിനെ ഉപദേശിച്ചു. ' അവന് ന്യായമായ ശമ്പളം നല്‍കുക, അങ്ങനെ അയാള്‍ക്ക് കടം വീട്ടാനുള്ള അവസരം നല്‍കുക. നിങ്ങള്‍ക്ക് ഒരിക്കലും ഇതിലധികം കൂടുതല്‍ നന്ദിയും വിശ്വസ്തതയുമുള്ള ഒരു ജീവനക്കാരന്‍ കിട്ടുകയില്ല. സുരേഷ് അങ്ങനെ ചെയ്തു, വിജയിന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു.
ശൗല്‍ രാജാവിന്റെ കൊച്ചുമകനായ മെഫീബോശെത്ത് ഒരു തെറ്റും ചെയ്തിട്ടില്ല, പക്ഷേ ദാവീദ് രാജാവായപ്പോള്‍ അവന്‍ കടുത്ത പ്രതിസന്ധിയിലായി. മിക്ക രാജാക്കന്മാരും രാജകീയ പരമ്പരയെ കൊല്ലുമായിരുന്നു. എന്നാല്‍ ദാവീദ് ശൗലിന്റെ മകന്‍ യോനാഥാനെ സ്നേഹിക്കുകയും ജീവിച്ചിരിക്കുന്ന അവന്റെ മകനെ തന്റെ മകനായി പരിഗണിക്കുകയും ചെയ്തു (2 ശമൂവേല്‍ 9:1-13 കാണുക). അവന്റെ കൃപ ഒരു ആജീവനാന്ത സുഹൃത്തിനെ നേടി. ''അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യര്‍ ആയിരുന്നു; എങ്കിലും അടിയനെ അവിടുത്തെ മേശയിങ്കല്‍ ഭക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കി'' (19:28) എന്നു മെഫീബോശെത്ത് അതിശയിക്കുന്നു. ദാവീദിന്റെ പുത്രനായ അബ്ശാലോം യെരൂശലേമില്‍ നിന്ന് ദാവീദിനെ ഓടിച്ചപ്പോഴും അവന്‍ ദാവീദിനോട് വിശ്വസ്തനായി തുടര്‍ന്നു (2 ശമൂവേല്‍ 16:1-4; 19:24-30).
വിശ്വസ്തനായ ഒരു ആജീവനാന്ത സുഹൃത്തിനെ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? അസാധാരണനായ ആരെങ്കിലും നിങ്ങളോട് അസാധാരണമായ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം. ശിക്ഷിക്കുക എന്ന് സാമാന്യബുദ്ധി പറയുമ്പോള്‍ കൃപ തിരഞ്ഞെടുക്കുക. അവരെ ഉത്തരവാദിയാക്കി പിടിക്കുക, എന്നാല്‍ ക്ഷമയ്ക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് കാര്യങ്ങള്‍ ശരിയാക്കാന്‍ അവസരം നല്‍കുക. കൂടുതല്‍ നന്ദിയുള്ള, അര്‍പ്പണബോധമുള്ള ഒരു സുഹൃത്തിനെ നിങ്ങള്‍ക്ക് മറ്റൊരിടത്തും കണ്ടെത്താന്‍ കഴിയില്ല. ചട്ടക്കൂടിനു പുറത്ത് കൃപയോടെ ചിന്തിക്കുക.
അത്യാവശ്യത്തിനുള്ള വിഗ്രഹങ്ങള്‍
സാം തന്റെ വിരമിക്കല്‍ അക്കൗണ്ട് ഓരോ ദിവസവും രണ്ടുതവണ പരിശോധിക്കുന്നു. മുപ്പതു വര്‍ഷക്കാലം അദ്ദേഹം സമ്പാദിച്ചു, ഓഹരിവിപണിയിലെ സൂചിക വര്‍ദ്ധിച്ചുവരുന്നതനുസരിച്ച് നിക്ഷേപം വര്‍ദ്ധിച്ച്, ഒടുവില്‍ വിരമിക്കാന്‍ പര്യാപ്തമായ നിലയിലെത്തി. ഓഹരിവിപണി കൂപ്പുകുത്താത്തിടത്തോളം കാലം. ഈ ഭയം സാമിനെ തന്റെ നിക്ഷേപത്തെക്കുറിച്ച് ആശങ്കാകുലനാക്കുന്നു.
യിരെമ്യാവ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി: ''യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്‍മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങള്‍ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ, തീര്‍ത്തിരിക്കുന്നു' (11:13).
യഹൂദയുടെ വിഗ്രഹാരാധന ശ്രദ്ധേയമാണ്. യഹോവ ദൈവമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അവര്‍ക്ക് എങ്ങനെ മറ്റൊന്നിനെ ആരാധിക്കാന്‍ കഴിയും? അവര്‍ നിക്ഷേപം നടത്തുകയായിരുന്നു. മരണാനന്തര ജീവിതത്തിനായി അവര്‍ക്ക് യഹോവയെ ആവശ്യമായിരുന്നു, കാരണം യഥാര്‍ത്ഥ ദൈവത്തിന് മാത്രമേ അവരെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കാന്‍ കഴിയൂ. എന്നാല്‍ വര്‍ത്തമാനകാലത്തെ സംബന്ധിച്ചോ? പുറജാതി ദേവന്മാര്‍ ആരോഗ്യം, സമ്പത്ത്, ഫലഭൂയിഷ്ടത എന്നിവ വാഗ്ദാനം ചെയ്തു, അതിനാല്‍ അവരോടും പ്രാര്‍ത്ഥിക്കരുതോ?-അത്യാവശ്യത്തിന്.
യെഹൂദയുടെ വിഗ്രഹാരാധന എങ്ങനെയാണ് നമ്മുടെ പ്രലോഭനമാകുന്നതെന്ന് നിങ്ങള്‍ക്ക് കാണാമോ? കഴിവ്, വിദ്യാഭ്യാസം, പണം എന്നിവ ഉണ്ടായിരിക്കുന്നത് നല്ലതാണ്. നാം ശ്രദ്ധിച്ചില്ലെങ്കില്‍, നാം നമ്മുടെ ആത്മവിശ്വാസം അവയിലേക്ക് മാറ്റിയേക്കാം. മരിക്കുമ്പോള്‍ നമുക്ക് ദൈവത്തെ ആവശ്യമുണ്ടെന്ന് നമുക്കറിയാം, ഇപ്പോള്‍ നമ്മെ അനുഗ്രഹിക്കാന്‍ നമ്മള്‍ അവനോട് പ്രാര്‍ത്ഥിക്കും. എന്നാല്‍ ഈ കുറഞ്ഞ ദേവന്മാരിലും നമ്മള്‍ ആശ്രയിക്കും.
നിങ്ങളുടെ ആശ്രയം എവിടെയാണ്? ബാക്കപ്പ് വിഗ്രഹങ്ങള്‍ എപ്പോഴും വിഗ്രഹങ്ങളാണ്. ദൈവത്തിന്റെ നിരവധി ദാനങ്ങള്‍ക്ക് നന്ദി പറയുകയും നിങ്ങള്‍ അവയിലൊന്നും ആശ്രയിക്കുന്നില്ലെന്ന് അവനോട് പറയുകയും ചെയ്യുക. നിങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും അവനിലാണ്.
മാറിനില്‍ക്കുക
യേശുവിന്റെ ജീവിതത്തെക്കുറിച്ച് എന്റെ പാസ്റ്റര്‍ ഞങ്ങളുടെ ക്ലാസ്സിനോട് ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ കൈ ഉയര്‍ത്തി. ഞാന്‍ സംഭവം വായിച്ചിരുന്നു, അതിനാല്‍ എനിക്ക് അത് അറിയാമായിരുന്നു. എനിക്ക് അത് അറിയാമെന്ന്് മുറിയിലുള്ള മറ്റുള്ളവര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എല്ലാത്തിനുമുപരി, ഞാന്‍ ഒരു ബൈബിള്‍ അധ്യാപകനാണ്. അവരുടെ മുന്നില്‍ പരാജയപ്പെടുന്നത് എത്ര ലജ്ജാകരമാണ്! എന്റെ ലജ്ജയെക്കുറിച്ചുള്ള ഭയത്തില്‍ ഇപ്പോള്‍ ഞാന്‍ ലജ്ജിച്ചു. അതുകൊണ്ടു ഞാന്‍ കൈ താഴ്ത്തി. ഞാന്‍ ഇത്ര സുരക്ഷിതത്വമില്ലാത്തവനോ?
യോഹന്നാന്‍ സ്‌നാപകന്‍ ഒരു മികച്ച മാര്‍ഗം കാണിക്കുന്നു. ആളുകള്‍ അവനെ ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ശിഷ്യന്മാര്‍ പരാതിപ്പെട്ടപ്പോള്‍, അത് കേട്ടതില്‍ സന്തോഷമുണ്ടെന്ന് യോഹന്നാന്‍ പറഞ്ഞു. അവന്‍ കേവലം ദൂതന്‍ മാത്രമായിരുന്നു. ''ഞാന്‍ ക്രിസ്തു അല്ല, അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാന്‍ പറഞ്ഞതിന് നിങ്ങള്‍ തന്നേ എനിക്കു സാക്ഷികള്‍ ആകുന്നു... അവന്‍ വളരണം; ഞാനോ കുറയണം' (3:28-30). തന്റെ അസ്തിത്വത്തിന്റെ കേന്ദ്രം യേശുവാണെന്ന് യോഹന്നാന്‍ മനസ്സിലാക്കി . അവന്‍ ''മേലില്‍നിന്നു വരുന്നവന്‍'', ''എല്ലാവര്‍ക്കും മീതെയുള്ളവന്‍'' (വാ. 31) - നമുക്കുവേണ്ടി ജീവന്‍ നല്‍കിയ ദിവ്യപുത്രന്‍. സകല മഹത്വവും പ്രശസ്തിയും അവന് ലഭിക്കണം.
നമ്മിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്ന ഏതൊരു കാര്യവും നമ്മുടെ കര്‍ത്താവില്‍ നിന്ന് നമ്മുടെ ശ്രദ്ധയെ വ്യതിചലിക്കുന്നു. അവന്‍ നമ്മുടെ ഏക രക്ഷകനും ലോകത്തിന്റെ ഏക പ്രത്യാശയും ആയതിനാല്‍, അവനില്‍ നിന്ന് നാം മോഷ്ടിക്കുന്ന ഏതൊരു മഹത്വവും നമ്മെ വേദനിപ്പിക്കും.
രംഗത്തുനിന്ന്ു മാറിനില്‍ക്കുന്നതിനായി നമുക്കു തീരുമാനിക്കാം. അവനും ലോകത്തിനും നമുക്കും അതാണ്് ഉത്തമം.
വെല്ലുവിളിയിലേക്ക് ഓടിച്ചെല്ലുക
തന്റെ പാവപ്പെട്ട സുഹൃത്തിന്റെ ബൈക്ക് മോഷ്ടിച്ച യുവാക്കളെ ഡേവിഡ് പിന്തുടര്‍ന്നു. അവന് ഒരു പദ്ധതി ഇല്ല. അത് തിരികെ ലഭിക്കേണ്ടതുണ്ടെന്ന് അവനറിയാമായിരുന്നു. അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മൂന്ന് കള്ളന്മാരും അവനെ തിരിഞ്ഞു നോക്കിയിട്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോയി. ബൈക്ക് എടുത്ത് തിരിയുമ്പോള്‍ ഡേവിഡിന് ആശ്വാസവും ഒപ്പം അത്ഭുതവും അനുഭവപ്പെട്ടുു. അപ്പോഴാണ് തന്റെ പിന്നില്‍ തന്റെ അരോഗദൃഢഗാത്രനായ സുഹൃത്ത് സന്തോഷ് വരുന്നതു കണ്ടത്.
തന്റെ പട്ടണത്തെ ശത്രുസൈന്യം ചുറ്റിയിരിക്കുന്നതു കണ്ട എലീശയുടെ ദാസന്‍ പരിഭ്രാന്തനായി. അവന്‍ എലീശയുടെ അടുത്തേക്ക് ഓടി, ''ഓ, യജമാനനേ! നമ്മള്‍ എന്തുചെയ്യും?''എലീശ അവനോട് ശാന്തനാകാന്‍ പറഞ്ഞു. ''പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടുകൂടെയുള്ളവരെക്കാള്‍ അധികം' എന്നു പറഞ്ഞു. അപ്പോള്‍ ദൈവം ദാസന്റെ കണ്ണുകള്‍ തുറന്നു, ''എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു'' (വാ. 15-17).
നിങ്ങള്‍ യേശുവിനെ അനുഗമിക്കാന്‍ ശ്രമിക്കുമ്പോള്‍, ചില മോശമായ സാഹചര്യങ്ങളില്‍ നിങ്ങള്‍ അകപ്പെട്ടേക്കാം. നിങ്ങളുടെ മാന്യതയും ഒരുപക്ഷേ നിങ്ങളുടെ സുരക്ഷയും പോലും അപകടത്തിലാകാം, കാരണം ശരിയായത് ചെയ്യാന്‍ നിങ്ങള്‍ ദൃഢനിശ്ചയത്തിലാണ്. ഇതെന്തായിത്തീരുമെന്ന് ആശ്ചര്യപ്പെട്ടുകൊണ്ട് നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടേക്കാം. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മ്മിക്കുക. നിങ്ങളുടെ മുമ്പിലുള്ള വെല്ലുവിളിയേക്കാള്‍ നിങ്ങള്‍ ശക്തനോ മിടുക്കനോ ആയിരിക്കേണ്ടതില്ല. യേശു നിങ്ങളോടൊപ്പമുണ്ട്, അവന്റെ ശക്തി എല്ലാ എതിരാളികളേക്കാളും വലുതാണ്. പൗലൊസിന്റെ ചോദ്യം സ്വയം ചോദിക്കുക, ''ദൈവം നമുക്ക് അനുകൂലം എങ്കില്‍ നമുക്കു പ്രതികൂലം ആര്?'' (റോമര്‍ 8:31). ശരിക്കും, ആരാണ്? ആരുമില്ല. ദൈവത്തോടൊപ്പം നിങ്ങളുടെ വെല്ലുവിളിക്കായി ഓടുക.